സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുളള അക്രമങ്ങള്‍ക്കെതിരെയും സമൂഹ പ്രതിജ്ഞ

 



തിരുവനന്തപുരം : കേരള ഗാന്ധി സ്മാരക നിധി ജനജാഗ്രത സമിതി ക്വിറ്റ് ഇന്ത്യാ ദിനമായ  ആഗസ്റ്റ് 9 മുതല്‍ സ്വാതന്ത്ര്യദിനം വരെ സംസ്ഥാനമൊട്ടാകെ നടത്തുന്ന വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.  തുടര്‍ന്ന് യുവതീയുവാക്കളും മുതിര്‍ന്നവരും സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ സമൂഹ പ്രതിജ്ഞയെടുത്തു. സമൂഹത്തില്‍ സ്ത്രീകള്‍ പിന്നോക്കം നില്‍ക്കുന്ന കാലം കഴിഞ്ഞുവെന്നും അവര്‍ മുന്നില്‍ നിന്ന് നയിക്കുന്ന ഈ കാലഘട്ടത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ കേരള സമൂഹത്തിന് നാണക്കേടാണെന്നും മേയര്‍ പറഞ്ഞു. ഇൗ ദുരാചാരത്തിനെതിരെ യുവതീയുവാക്കള്‍ മുന്നോട്ട് വരണം. ഇത്തരത്തിലുളള ബോധവത്കരണ പരിപാടികള്‍ സമൂഹത്തില്‍ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മേയര്‍ ആര്യരാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

 ചടങ്ങില്‍ മുന്‍പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ അധ്യക്ഷനായിരുന്നു. സ്ത്രീധനം കൊടുത്ത് വിവാഹം കഴിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ വില്പനചരക്കല്ലെന്ന് മാതാപിതാക്കള്‍ മനസ്സിലാക്കണമെന്നും. അവരുടെ വ്യക്തിത്വത്തിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഗാന്ധി സ്മാരകനിധി ചെയര്‍മാനും ജനജാഗ്രത സമിതിയുടെ ജനറല്‍ സെക്രട്ടറിയുമായ ഡോ.എന്‍.രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അര്‍ധരാത്രിയിലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാനുളള സ്വാതന്ത്ര്യമുണ്ടാകണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനവേളയില്‍ തിരുവനന്തപുരത്ത് വച്ചായിരുന്നുവെന്നും അതിനാലാണ് സ്ത്രീധനത്തിനും സ്ത്രീകള്‍ക്കെതിരെയുളള അക്രമങ്ങള്‍ക്കെതിരെയുമുളള ഈ ജനജാഗ്രത പരിപാടിക്ക് തലസ്ഥാന ജില്ലയില്‍ തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മുന്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക ആശംസ അര്‍പ്പിച്ചു. വിമെന്‍ ആന്റ് ചൈല്‍ഡ് ഡിസ്ട്രിക് ഓഫീസര്‍ സബീന ബീഗം , കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് , സബര്‍മതി മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Comments

Post a Comment

Popular posts from this blog

Vinoba Bhave - the spiritual heir to Gandhi

POWER OF DIALOGUE

ചട്ടമ്പിസ്വാമികള്‍ - 168-ാം ജയന്തി ആഘോഷം