അനശ്വരനായ മഹാത്മാ അയ്യങ്കാളി- പ്രൊഫ.എന്‍.രാധാകൃഷ്ണന്‍
ആറടിയോളം പൊക്കം, നീണ്ട ബാഹുക്കള്‍, കാല്‍മുട്ടിനു കീഴെവരെ നീണ്ടുകിടക്കുന്ന കറുത്ത ഗൗണും കിന്നരിവെച്ച വെളുത്ത തലപ്പാവും ചന്ദനക്കുറിയും അതിനുള്ളില്‍ സിന്ദൂരപൊട്ടും. ഏഴഴകുളള ചുവന്ന കടുക്കനിട്ട്, പൗരുഷം തുടിക്കുന്ന കൊമ്പന്‍മീശയും തേജസുറ്റ മുഖവും ആരെയും ആകര്‍ഷിക്കുന്ന മിഴികളും നൈസര്‍ഗികമായ പുഞ്ചിരിയും ചേര്‍ന്ന് ആകപ്പാടെ ഒരു ഉന്നതനേതാവിന്റെ ആകാരസൗന്ദര്യം മഹാത്മാ അയ്യങ്കാളിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്നു.
ഉപജാതികള്‍ക്ക് അതീതമായി ചിന്തിക്കുക വഴി സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിര്‍ക്കുവാന്‍ ധീരതകാട്ടിയ അയ്യങ്കാളി ഒരു നവയുഗ നായകനായി വളരെ വേഗം വളരുകയും നീതിക്കും തുല്യാവകാശത്തിനും വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ തികച്ചും അക്രമരഹിതമായിരുന്നു എന്ന് പറയാനാവില്ലെങ്കിലും നവീന മുറകള്‍ തന്നെയായിരുന്നു. പ്രാര്‍ത്ഥന, അപേക്ഷാ സമര്‍പ്പണം എന്നീ മാര്‍ഗ്ഗങ്ങളില്‍ നിന്ന് വ്യതിചലിച്ച് അക്രമണശൈലിയിലുള്ള സമരമുറകള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട് നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അടക്കാനാവാത്ത ആത്മരോഷത്തിന്റെ പ്രതിഫലനമായിട്ട് മാറികൊണ്ടിരിക്കുന്ന കാഴ്ചയാണ് അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗാന്ധിജി ദര്‍ശിച്ചത്.
കേരളത്തില്‍ ഗാന്ധി നടത്തിയ അഞ്ച് സന്ദര്‍ശനങ്ങളില്‍ ഏറിയ പങ്കും അയിത്തോച്ചാടനത്തിന് വേണ്ടി ആയിരുന്നുവെന്നത് മറക്കാനാവില്ല. തൊട്ടുകൂടാത്തവരുടെയും തീണ്ടികൂടാത്തവരുടേയും വേദനയുടെ ആഴം മനസ്സിലാക്കി ജാതികോട്ടകള്‍ തകര്‍ക്കുവാനുള്ള അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയും ഗാന്ധിജിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഗാന്ധിയെ വേദനിപ്പിച്ചിരുന്നു. പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ ഉള്ള ഭരണാധികാരികളും ജനതയും ആരെയും മോഹിപ്പിക്കുന്ന പ്രകൃതി ഭംഗിയും ഭൂവിഭവ ശേഷിയും ഉള്ള മലബാര്‍, കൊച്ചി, തിരുവിതാങ്കൂര്‍ പ്രദേശവാസികള്‍ ദളിത് ജനവിഭാഗങ്ങളോട് മനുഷ്യത്വരഹിതമായ ഉച്ചനീചത്വം പുലര്‍ത്തുന്നതെന്തിനാണെന്ന് മനസ്സിലാക്കുവാന്‍ ഗാന്ധിജിക്ക് അധികസമയം വേണ്ടിവന്നില്ല.
ഈ നന്മയുടെയെല്ലാം നടുക്ക് ഒരു കറുപ്പായിട്ടാണ് ഗാന്ധിജി കേരളത്തിലെ അയിത്തത്തെ കണ്ടത്. അയിത്തംകൊണ്ട് ഒരു ഭൂപടം ഉണ്ടാക്കുകയാണെങ്കില്‍ അതില്‍ ഏറ്റവും കൂടുതല്‍ കറുപ്പ്‌നിറം കൊടുക്കുന്നത് മലബാറിനായിരിക്കുമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു. മലയാളക്കരയിലെ ഈ അയിത്തം മാറ്റാനുള്ള ശ്രമത്തിലായിരുന്നു ഗാന്ധിജി തന്റെ അവസാന നിമിഷം വരെ പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹത്തിന് ലഭിച്ച കത്തുകളും അതിനയച്ച മറുപടികളും തെളിയിക്കുന്നു.
ഹിന്ദുമതത്തിന്റെ തീരാകളങ്കം അയിത്തമാണെന്ന് ഗാന്ധിജിക്കറിയാമായിരുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നതിന് ഗാന്ധിജി എല്ലാ പിന്തുണയും നല്‍കി. അയിത്തത്തിനെതിരെ ഹിന്ദുക്കളുടെ മനസ്സറിയാനുള്ള ഒരു വേദിയായിട്ടാണ് ഗാന്ധിജി ഈ സമരത്തെ കണ്ടത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുക്കള്‍ മാത്രമായി ഈ സമരം നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചതും.
ശ്രീ.ചിത്തിരതിരുനാള്‍ മഹാരാജാവ് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശനവിളംബര പശ്ചാത്തലത്തിലാണ് ഗാന്ധിയും അയ്യന്‍കാളിയും തമ്മില്‍ കാണാനിടയായത്. വെങ്ങാനൂരിലുള്ള അയ്യങ്കാളിയുടെ ഭവനത്തിലായിരുന്നു ഈ രണ്ട് ധന്യാത്മാക്കള്‍ കണ്ടത്. പരസ്പരം അഭിവാദ്യമര്‍പ്പിച്ച ശേഷം ഗാന്ധിജി അധ്യക്ഷവേദിയിലുള്ള മേശമേല്‍ ഉപവിഷ്ഠനായി. തൊട്ടടുത്ത് അയ്യങ്കാളിയും മറ്റ് മുതിര്‍ന്ന നേതാക്കളും പ്രത്യേകം തയ്യാറാക്കിയ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ചു. ഒരു പുണ്യകര്‍മ്മമെന്നപോലെ മഹാത്മജിയുടെ പാദങ്ങള്‍ തൊട്ട് അയ്യങ്കാളി നമസ്‌കരിച്ചു. ഗാന്ധിജി തന്റെ പ്രസംഗത്തില്‍ അയ്യങ്കാളിയുടെ നേതൃത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് തുടര്‍ന്നു. 'അയ്യങ്കാളി, താങ്കളെ ഞാന്‍ നമസ്‌കരിക്കുന്നു. കാരണം നാം രണ്ടുപേരും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി. താങ്കള്‍ അതില്‍ വിജയിച്ചു. എന്റെ വിജയം ഇനിയും അകലെ. അതുകൊണ്ടാണ് ഞാന്‍ താങ്കളെ നമസ്‌കരിച്ചത്.
തുടര്‍ന്ന് ഗാന്ധിജി അയ്യങ്കാളിയോട് ചോദിച്ചു. മി.അയ്യങ്കാളി, താങ്കള്‍ക്ക് എന്തുവേണം' നൂറു ബി.എ.ക്കാരെ' പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത അയ്യങ്കാളിയുടെ ദീര്‍ഘവീക്ഷണവും അവശജനങ്ങള്‍ക്ക് വിദ്യാഭ്യാസം മാത്രമാണ് മോചനമാര്‍ഗ്ഗമെന്ന് മനസ്സിലാക്കുവാനുള്ള അയ്യങ്കാളിയുടെ കഴിവിലും ഗാന്ധിജി അത്ഭുതപ്പെട്ടിരിക്കും.
ഗാന്ധിയുടെ അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സവിശേഷമായ പ്രാധാന്യമാണുള്ളത്. വൈക്കം സത്യാഗ്രഹത്തില്‍ ശ്രീനാരായണഗുരുവിന് അനിഷേധ്യമായ പ്രാതിനിധ്യമാണുണ്ടായിരുന്നതെങ്കില്‍ അയ്യങ്കാളി പ്രസ്തുതസമരത്തെ പിന്താങ്ങുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.
പുലയപറയ സമൂഹത്തെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന അക്കാലത്ത് നെഞ്ചുവിരിച്ച് അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ച അയ്യങ്കാളിയുടെ പ്രവര്‍ത്തനശൈലി ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അയിത്താചാരണം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യ നേടാനും അവകാശം ഇല്ലാതിരുന്ന ഒരു ജനവിഭാഗത്തിന് പ്രതിഷേധത്തിന്റേയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റേയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാന്‍ ശ്രമിച്ച ആദ്യകാല നവോത്ഥാന നായകരില്‍ ഒരാളാണ് അയ്യങ്കാളി. ജാതിയുടെ അടയാളമായ കല്ലുമാലകള്‍ കഴുത്തിലണിഞ്ഞ് നടക്കാനും അരയ്ക്കുമുകളിലും മുട്ടിന് താഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ മേല്‍ജാതിക്കാര്‍ പിന്നോക്ക വിഭാഗക്കാരെ അനുവദിച്ചിരുന്നില്ല. സവര്‍ണ്ണര്‍ക്ക് നടക്കുവാന്‍ രാജവീഥികളും അവര്‍ണ്ണര്‍ക്ക് നടക്കുവാന്‍ ഗ്രാമവീഥികളും ഉണ്ടായിരുന്ന കാലം. എല്ലാ മതസ്ഥര്‍ക്കും രാജവീഥി തുറന്നുകൊടുത്തിരുന്നുവെങ്കിലും അവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ സ്വാതന്ത്ര്യം മേല്‍ജാതിക്കാര്‍ അനുവദിച്ചിരുന്നില്ല. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പ്രമാണിമാര്‍ക്ക് കീഴാളര്‍ വഴി മാറി നടക്കേണ്ടിയിരുന്ന ദുര്‍ഗതിയെ അതേ നാണയത്തില്‍ ചോദ്യം ചെയ്യുവാന്‍ അയ്യങ്കാളി നടത്തിയ ധീരശ്രമം ഇന്ന് ചരിത്രത്തിന്റെ ഏടുകളിലുണ്ട്. അദ്ദേഹം ഒരു കാളവണ്ടി വാങ്ങുകയും മുണ്ടും വെള്ള ബനിയനും മേല്‍മുണ്ടും തലപ്പാവും ധരിച്ച് പൊതുവീഥിയിലൂടെ നടത്തിയ യാത്ര നെഞ്ചിടിപ്പോടും ഭയത്തോടും ഒരു വിഭാഗം കീഴ്ജാതിക്കാര്‍ നോക്കിനിന്നപ്പോള്‍ ആവേശഭരിതരായ അദ്ദേഹത്തിന്റെ അനുയായികളുടെ സംഖ്യയും കുറവല്ലായിരുന്നു. അയ്യങ്കാളിയുടെ പെരുമാറ്റം ജന്മിമാര്‍ ധിക്കാരമായി കാണുകയും അയ്യങ്കാളിയെ ആക്രമിക്കാനും തുടങ്ങി. തുടര്‍ന്ന് ബാലരാമപുരം, കണിയാപുരം, കഴക്കൂട്ടം എന്നീ പ്രദേശങ്ങളില്‍ ഏറ്റുമുട്ടലുകളുമുണ്ടായി. ചെറിയ തീപ്പൊരിയായി ആരംഭിച്ച ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീജ്വാലയുടെ രൂപം കൈകൊണ്ടത് വളരെ പെട്ടെന്നായിരുന്നു. ജാതിപരമായ ഉച്ചനീചത്വത്തിന്റെ മറ്റൊരു മുഖമായിരുന്നു അധസ്ഥിരെന്ന് കരുതപ്പെട്ടിരുന്ന എല്ലാവരേയും മേല്‍വസ്ത്രം ഉപയോഗിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിരുന്ന മനുഷ്യത്വരഹിതമായ ആചാരത്തെ അദ്ദേഹം വെല്ലുവിളിക്കുകയും . തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ച അണിഞ്ഞ് നടക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. കഴുത്തില്‍ കല്ലയും മാലയും കാതില്‍ ഇരുമ്പ് വളയങ്ങളും ധരിക്കണമെന്നുള്ള ജാതി ശാസനകളെ കാറ്റത്ത് പറത്തുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും ഇതേ തുടര്‍ന്ന് സ്ത്രീകളെ മാടമ്പിമാര്‍ വേട്ടയാടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. 1915 ല്‍ കൊല്ലത്തെ പീരങ്കി മൈതാനത്ത് അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന കല്ലുമാല സമരം തികച്ചും ആവേശഭരിതമായ സാമൂഹിക മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. ജാതിയുടെ അടയാളമായ കഴുത്തിലെ കല്ലയും മാലയും വലിച്ചെറിയുവാന്‍ ധൈര്യം കാട്ടിയ സ്ത്രീകളുടെ ആവേശം കടലോളം ആഴമുള്ള സാമൂഹിക മുന്നേറ്റമായിരുന്നു. 1904 ല്‍ വെങ്ങാനൂരില്‍ ദളിതരുടെ ആദ്യ പള്ളിക്കൂടം തുടങ്ങിയ അന്ന് രാത്രിതന്നെ സവര്‍ണ്ണര്‍ അത് തീയിട്ടെങ്കിലും അയ്യങ്കാളിയുടെ നിശ്ചയദാര്‍ഡ്യത്തിന് കുറവ് വന്നില്ല. തുടര്‍ന്ന് പില്‍ക്കാലത്ത്
നടന്ന കാര്‍ഷിക സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശ്ശിടല്‍ സമരം സവര്‍ണ്ണരില്‍ ആശങ്ക ജനിപ്പിച്ച ചുവടുവയ്പ്പായിരുന്നു. അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്ന തന്റെ ചിരകാലസ്വപ്നം 1914 ല്‍ വെങ്ങാനൂര്‍ പുല്‍വെല്‍വിളാകത്ത് മലയാളം പള്ളിക്കൂടം സര്‍ക്കാര്‍ അനുവദിച്ചതു അദ്ദേഹത്തിന്റെ ചിരകാല സ്വപ്ന സാക്ഷാത്കാരമായി. പുലയരാജാവെന്ന് മഹാത്മാഗാന്ധിയും അത്യന്തം മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിക്കുകയും ചെയ്ത ശ്രീ.അയ്യങ്കാളിയുടെ ധീരതയും പുലയപറയ ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി അദ്ദേഹം നടത്തിയ ധീര പ്രവര്‍ത്തനങ്ങളും ത്യാഗമനോഭാവവും മാനവികതയും ദീര്‍ഘവീക്ഷണവും അദ്ദേഹത്തെ മഹാത്മാവായി കാണുവാന്‍ ഇതര ജനവിഭാഗത്തെകൂടി പ്രേരിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. ശ്രീമൂലം പ്രജാസഭയിലെ അംഗമെന്ന സ്ഥാനം നല്‍കി അദ്ദേഹത്തെ സര്‍ക്കാര്‍ ആദരിച്ചപ്പോള്‍ നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടിരുന്ന ഒരുവിഭാഗം ജനതയുടെ മോചനത്തിന്റെ ഒരു സുപ്രധാന ഘട്ടമായി ഇതിനെ കണ്ടവരുടെസംഖ്യ വളരെ വലുതാണ്. 2019 ല്‍ തിരുവനന്തപുരത്തെ വി.ജെ.റ്റി. ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കുക വഴി ദീര്‍ഘ വീക്ഷണത്തിന്റെയും ധീരതയുടെയും പര്യായമായിരുന്ന ഒരു നവോത്ഥാന നായകന്റെ മഹത്വം നാം അംഗീകരിക്കുകയാണ് ചെയ്തത്.
നടന്ന കാര്‍ഷിക സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശ്ശിടല്‍ സമരം സവര്‍ണ്ണരില്‍ ആശങ്ക ജനിപ്പിച്ച ചുവടുവയ്പ്പായിരുന്നു. അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്ന തന്റെ ചിരകാലസ്വപ്നം 1914 ല്‍ വെങ്ങാനൂര്‍ പുല്‍വെല്‍വിളാകത്ത് മലയാളം പള്ളിക്കൂടം സര്‍ക്കാര്‍ അനുവദിച്ചതു അദ്ദേഹത്തിന്റെ ചിരകാല സ്വപ്ന സാക്ഷാത്കാരമായി. പുലയരാജാവെന്ന് മഹാത്മാഗാന്ധിയും അത്യന്തം മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവെന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിക്കുകയും ചെയ്ത ശ്രീ.അയ്യങ്കാളിയുടെ ധീരതയും പുലയപറയ ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി അദ്ദേഹം നടത്തിയ ധീര പ്രവര്‍ത്തനങ്ങളും ത്യാഗമനോഭാവവും മാനവികതയും ദീര്‍ഘവീക്ഷണവും അദ്ദേഹത്തെ മഹാത്മാവായി കാണുവാന്‍ ഇതര ജനവിഭാഗത്തെകൂടി പ്രേരിപ്പിച്ചു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. ശ്രീമൂലം പ്രജാസഭയിലെ അംഗമെന്ന സ്ഥാനം നല്‍കി അദ്ദേഹത്തെ സര്‍ക്കാര്‍ ആദരിച്ചപ്പോള്‍ നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെട്ടിരുന്ന ഒരുവിഭാഗം ജനതയുടെ മോചനത്തിന്റെ ഒരു സുപ്രധാന ഘട്ടമായി ഇതിനെ കണ്ടവരുടെസംഖ്യ വളരെ വലുതാണ്. 2019 ല്‍ തിരുവനന്തപുരത്തെ വി.ജെ.റ്റി. ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കുക വഴി ദീര്‍ഘ വീക്ഷണത്തിന്റെയും ധീരതയുടെയും പര്യായമായിരുന്ന ഒരു നവോത്ഥാന നായകന്റെ മഹത്വം നാം അംഗീകരിക്കുകയാണ് ചെയ്തത്.
Comments
Post a Comment