കുട്ടികള്‍ അറിയേണ്ട ശ്രീ.ചട്ടമ്പിസ്വാമികള്‍ : ജയന്തി ചിന്തകള്‍
ഡോ.എന്‍.രാധാകൃഷ്ണന്‍
അഹിംസ ഒരു ധര്‍മ്മമായി കരുതിയ ശ്രീബുദ്ധനുശേഷം സ്വന്തം ജീവിതത്തിലൂടെയും ഉപദേശങ്ങളിലൂടെയും അഹിംസയുടെ മഹത്വത്തെ മറ്റുള്ളവരുടെ ഇടയില്‍ പ്രചരിപ്പിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു ശ്രീ.ചട്ടമ്പിസ്വാമികള്‍.
തിരുവനന്തപുരം നഗരത്തിലുള്ള കണ്ണമ്മൂലയിലാണ് സ്വാമികള്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമത്തിലെ പേര് അയ്യപ്പന്‍ എന്നായിരുന്നു. കുഞ്ഞന്‍ എന്നായിരുന്നു ഓമനപ്പേര്. അദ്ദേഹത്തിന്റെ ബാല്യകാലം വളരെ യാതനാപൂര്‍ണമായിരുന്നു. ഒരു ദരിദ്രനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. കുഞ്ഞനു വേണ്ടവിധത്തില്‍ വിദ്യാഭ്യാസം ചെയ്യാനോ നല്ല ആഹാരം, വസ്ത്രം ഇവയൊക്കെ അനുഭവിക്കാനോ യോഗമുണ്ടായിരുന്നില്ല. മഹാഭാരതത്തിലെ ഏകലവ്യനു ലഭിച്ച വിദ്യപോലെയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്.
ഹസ്തിനപുരിയില്‍ കൗരവപാണ്ഡവന്മാരെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ദ്രോണാചാര്യരായിരുന്നു. അവിടെ വനരാജാവിന്റെ മകനായിരുന്ന ഏകലവ്യന്‍ ദ്രോണാചാര്യരെ സമീപിച്ച് തന്നെയും വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, നീചകുലത്തില്‍ ജനിച്ചുപോയി എന്ന കാരണംകൊണ്ട് ദ്രോണര്‍ ഏകലവ്യനെ ശിഷ്യനാക്കിയില്ല. നിരാശനാവാതെ മണ്ണുകൊണ്ട് ദ്രോണരുടെ പ്രതിമ ഉണ്ടാക്കിവച്ച് അതിനെ സാക്ഷിനിര്‍ത്തി തനിയെ ആയുധാഭ്യാസം നടത്തി. രാജകുമാരന്മാരെ പഠിപ്പിക്കുന്നത് ഒളിച്ചുനിന്നു കണ്ടാണ് ഏകലവ്യന്‍ ആയുധാഭ്യാസം നടത്തിയിരുന്നത്. അവസാനം ഏകലവ്യന്‍ ദ്രോണരുടെ മുമ്പിലെത്തി. സംഗതികളൊക്കെ തുറന്നുപറയുകയും താന്‍ പഠിച്ചതൊക്കെ കാണിച്ചുകൊടുക്കുകയും ചെയ്തു. ഏകലവ്യന്റെ ആയുധപാടവം മനസ്സിലാക്കിയ ദ്രോണര്‍ ഇവന്‍ തന്റെ അരുമശിഷ്യനായ അര്‍ജുനന് എതിരാളിയാകുമെന്ന് ഭയന്നു. ഏകലവ്യന്‍ ഗുരുവിന് ഗുരുദക്ഷിണ കൊടുക്കുവാന്‍ തയ്യാറാണെന്നു പറഞ്ഞു. വക്രബുദ്ധിയായ ദ്രോണര്‍ ഏകലവ്യന്റെ വലതുകൈയുടെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ ഏകലവ്യന്‍ ഗുരു ആവശ്യപ്പെട്ടത് നല്കി. ഇതാണ് ഏകലവ്യന്റെ കഥ. അക്കാലത്ത് കൊല്ലൂര്‍ മഠത്തിലെ ബ്രഹ്‌മചാരികളെ ഒരു ശാസ്ത്രികള്‍ സംസ്‌കൃതം പഠിപ്പിക്കുന്നുണ്ടായിരുന്നു. വിജ്ഞാനതൃഷ്ണയുണ്ടായിരുന്ന കുഞ്ഞന്‍ ക്ലാസ്സുമുറിക്കു വെളിയില്‍ മറഞ്ഞുനിന്ന് പാഠങ്ങള്‍ കേട്ടു പഠിച്ചു. ഏറെനാള്‍ ഈ അഭ്യാസം തുടരാനായില്ല. ശാസ്ത്രികള്‍ ഈ പരിപാടി കണ്ടുപിടിച്ചു. തന്റെ ചോദ്യത്തിനെല്ലാം തന്നെ ശരിയുത്തരം നല്കിയ കുഞ്ഞനെ അദ്ദേഹം ക്ലാസിലിരുന്നു പഠിച്ചുകൊള്ളാന്‍ അനുവദിച്ചു. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം വളരെയധികം കാര്യങ്ങള്‍ അഭ്യസിച്ചു. അതിനുശേഷം കുഞ്ഞന്‍ പേട്ടയില്‍ രാമന്‍പിള്ളയാശാന്‍ നടത്തിയിരുന്ന പള്ളിക്കൂടത്തില്‍ ചേര്‍ന്ന് തമിഴ്, കണക്ക്, സംഗീതം മുതലായവ പഠിച്ചു. അന്ന് സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ പള്ളിക്കൂടത്തിലെ ചട്ടമ്പിള്ള അഥവാ ചട്ടമ്പിയായി നിയമിക്കാറുണ്ട്. സമര്‍ത്ഥനായ കുഞ്ഞനേയും പള്ളിക്കൂടത്തിലെ ചട്ടമ്പിയായി നിയമിച്ചു ഇങ്ങനെയാണ് മഹാസിദ്ധനും സന്യാസിയുമായ ശ്രീ വിദ്യാധിരാജന് ചട്ടമ്പി എന്നു പേരുവരാന്‍ കാരണമായത്.
വളരെ ചെറുപ്പം മുതലേ അദ്ദേഹത്തിനു ലൗകിക കാര്യങ്ങളില്‍ താല്‍പ്പര്യമില്ലായിരുന്നു. ആത്മീയ കാര്യങ്ങളില്‍ അദ്ദേഹം വളരെ തത്പരനുമായിരുന്നു. ആയിടക്ക് കൊല്ലൂര്‍ ക്ഷേത്രസന്നിധിയില്‍ വന്നുചേര്‍ന്ന ഒരു സന്യാസിയില്‍ കുഞ്ഞന്‍ ആകൃഷ്ടനാകുകയും അദ്ദേഹത്തെ പരിചരിക്കുകയും ചെയ്തു. സന്യാസി അവിടംവിട്ടു പോയപ്പോള്‍ കുഞ്ഞന് ഒരു മന്ത്രം ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. ബാലസുബ്രഹ്‌മണ്യമന്ത്രമായിരുന്നു അത്. സുബ്രഹ്‌മണ്യ ഭക്തനായിത്തീര്‍ന്ന കുഞ്ഞന്‍ പില്‍ക്കാലത്ത് ഷണ്‍മുഖദാസന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ അദ്ദേഹം പാഠങ്ങളൊക്കെ പഠിച്ചുതീര്‍ത്തു. ഇതൊക്കെ വെറും മറവിതീര്‍ക്കല്‍ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം പൂര്‍വ്വജന്മത്തില്‍ പഠിച്ചതൊക്കെ ഒന്നു പൊടിതട്ടി ഓര്‍മ്മിച്ചെടുത്തു എന്നുമാത്രം.
പതിനാറു വയസ്സായപ്പോഴേക്കും കുഞ്ഞന്‍പിള്ള സംസ്‌കൃതം, മലയാളം, തമിഴ്, കണക്ക് മുതലായവയില്‍ വ്യുത്പത്തി നേടുകയും ധാരാളം ഗ്രന്ഥങ്ങള്‍ വായിച്ചുതീര്‍ക്കുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം അദ്ദേഹം തന്റെ ഗുരുവാക്കാന്‍ പറ്റിയ ഒരാളെ അന്വേഷിച്ചു നടപ്പായിരുന്നു.
ഭൗതിക കാര്യങ്ങളില്‍ വലിയ താത്പര്യമില്ലായിരുന്നുവെങ്കിലും അമ്മയേയും പെങ്ങളേയും സംരക്ഷിക്കുന്നതിനുവേണ്ടി അദ്ദേഹം പല ജോലികളും ചെയ്തിരുന്നു. അദ്ദേഹം പാവങ്ങളോടു വളരെ ദീനാനുകമ്പ ഉള്ളയാളായിരുന്നു. ഒരു സംഭവം പറയാം. ഒരിക്കല്‍ കുഞ്ഞന്റെ മാതൃസഹോദരീപുത്രന്‍ കൃഷ്ണപിള്ള വസ്ത്രം ഇല്ലാതെ വിഷമിച്ചിരുന്ന കുഞ്ഞന് ഒരു മുണ്ടും തോര്‍ത്തും വാങ്ങിക്കൊടുത്തു. അതും ധരിച്ച് പുറത്തുപോയ ആള്‍ മടങ്ങിവന്നപ്പോള്‍ കീറിപ്പറിഞ്ഞ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. വഴിയില്‍ നഗ്നത മറക്കാന്‍ വിഷമിച്ചിരുന്ന ഒരു പാവത്തിന് താന്‍ തന്റെ വസ്ത്രങ്ങള്‍ കൊടുത്തു എന്നും അയാളുടെ പഴന്തുണി താന്‍ എടുക്കുകയാണുണ്ടായതെന്നും പറഞ്ഞു. അങ്ങനെ സഹജീവികളോട് സമത്വഭാവേന ഇടപെടാന്‍ കഴിഞ്ഞിരുന്ന ഒരു മഹത് വ്യക്തിയായിരുന്നു ശ്രീ ചട്ടമ്പിസ്വാമികള്‍. കുടുംബത്തിലെ ദാരിദ്ര്യം തീര്‍ക്കാന്‍ വളരെയധികം ജോലികള്‍ ചെയ്തുവെങ്കിലും പലപല കാരണങ്ങള്‍ കൊണ്ട് അവയൊക്കെ അദ്ദേഹം വേണ്ടെന്നുവച്ചു. വിജ്ഞാനസമ്പാദനത്തിനുവേണ്ടിയുള്ള തൃഷ്ണയായിരുന്നു അദ്ദേഹത്തിന്. അക്കാലത്ത് തിരുവനന്തപുരത്ത് സ്വാമിനാഥദേശികന്‍ എന്ന ഒരു തമിഴ് പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹത്തെ സമീപിച്ച് കുഞ്ഞന്‍പിള്ള തനിക്ക് തമിഴ് വേദാന്തവും വ്യാകരണവും പഠിക്കാനുള്ള ആഗ്രഹം അറിയിച്ചു. ദയാലുവായ ആ പണ്ഡിതന്‍ കുഞ്ഞന്‍പിള്ളയെ സസന്തോഷം വിദ്യ അഭ്യസിപ്പിച്ചു. തിരുക്കുറല്‍, കമ്പരാമായണം, പട്ടണത്തുപിള്ളയാര്‍ പാടലുകള്‍ മുതലായവയും അദ്ദേഹം പഠിപ്പിച്ചു.
കൊല്ലംതോറും തിരുവനന്തപുരത്തു നടത്തിവന്നിരുന്ന നവരാത്രി ഉത്സവത്തില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പണ്ഡിത•ാര്‍ എത്തിച്ചേരുമായിരുന്നു. ഒരിക്കല്‍ തമിഴ്‌നാട്ടിലെ കല്ലിടൈ കുറിച്ചിയില്‍നിന്ന് സുബജടാപാഠികള്‍ എന്നൊരു മഹാപണ്ഡിതന്‍ എത്തിച്ചേര്‍ന്നു. ഈ പണ്ഡിതശ്രേഷ്ഠനില്‍ ആകൃഷ്ടനായ കുഞ്ഞന്‍പിള്ള ദേശികര്‍ മുഖാന്തിരം പരിചയം സമ്പാദിച്ചു. മറ്റുള്ളവരൊക്കെ സംസ്‌കൃതത്തില്‍ സംഭാഷണം നടത്തിയപ്പോള്‍ നമ്മുടെ കഥാപുരുഷന്‍ തമിഴിലാണ് സംഭാഷണം നടത്തിയത്. കുഞ്ഞന്‍പിള്ളയുടെ പ്രതിഭാവിലാസവും മേധാശക്തിയും വിനയാന്വിത സ്വഭാവവും കണ്ട് പണ്ഡിതന്‍ അദ്ദേഹത്തില്‍ ആകൃഷ്ടനായി. കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിന് കുഞ്ഞന്‍പിള്ളയോട് പുത്രനിര്‍വ്വിശേഷമായ വാത്സല്യമാണ് തോന്നിയത്. അദ്ദേഹം കുഞ്ഞനോടു ചോദിച്ചു. കല്ലിടൈകുറിച്ചിയിലേക്ക് വരുന്നോ എന്ന്. ആനന്ദാതിരേകത്താല്‍ കുഞ്ഞന്‍ അദ്ദേഹത്തെ നമസ്‌കരിച്ചു. നേരത്തെ പല കേരളീയ പണ്ഡിതന്മാരോടും വേദാധ്യയനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും അബ്രാഹ്‌മണനായതുകൊണ്ട് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിരസിച്ചിരുന്നു. പക്ഷേ ജടാപാഠികള്‍ അങ്ങനെ ചെയ്തില്ല. അങ്ങനെ തന്റെ 24-ാം വയസ്സില്‍ കുഞ്ഞന്‍പിള്ള കല്ലിടൈകുറിച്ചിയിലെത്തി. അവിടെ അദ്ദേഹം 4 വര്‍ഷത്തോളം വേദവേദാംഗികളെല്ലാം അഭ്യസിച്ചു. ശിഷ്യന്റെ വിജ്ഞാനതൃഷ്ണയും പ്രതിഭാശക്തിയും ഗുരുവിനെ സന്തുഷ്ടനാക്കി. തനിക്കറിയാവുന്ന വിദ്യാകളെല്ലാം അദ്ദേഹം കുഞ്ഞനെ അഭ്യസിപ്പിച്ചു.ആ സ്ഥലത്തു തന്നെയുണ്ടായിരുന്ന മറ്റു ചില വിദ്വാ•ാരില്‍നിന്ന് സിദ്ധാന്തതത്വങ്ങള്‍ കൂടി ഗ്രഹിക്കുന്നതിന് ഉത്സാഹിച്ചിരുന്നു. അതുപോലെ അവിടെയുണ്ടായിരുന്ന വിദഗ്ദരില്‍നിന്ന് വിവിധ സംഗീത ഉപകരണങ്ങള്‍ പ്രയോഗിക്കുവാന്‍ പഠിക്കുകയും ചെയ്തു.
നാലുവര്‍ഷത്തെ അദ്ധ്യയനത്തിനുശേഷം അദ്ദേഹം ഗുരുനാഥന്റെ അനുഗ്രഹവും വാങ്ങി കല്ലിടകുറിച്ചിയില്‍നിന്നും പുറപ്പെട്ടു. അവിടെനിന്നും തേവൈക്കോട്ട, കോവില്‍പട്ടി മുതലായ സ്ഥലങ്ങളില്‍ സഞ്ചരിച്ച് വിവിധ സിദ്ധ•ാരില്‍നിന്നും ദ്രാവിഡ സംസ്‌കാരത്തിന്റെ വിവിധ വികാസപരിണാമങ്ങളെക്കുറിച്ച് മനസ്സിലാക്കി. അദ്ദേഹം ഖുറാന്‍ പഠിക്കുകയും ക്രിസ്തുമത തത്വങ്ങള്‍ നല്ലവണ്ണം ഗ്രഹിക്കുകയും ചെയ്തു. തെക്കന്‍ തിരുവിതാംകൂറിലെ മരുത്വാമലയില്‍ പച്ചിലകളും കായ്കറികളും ഭക്ഷണമാക്കി വളരെനാള്‍ അദ്ദേഹം ധ്യാനത്തില്‍ മുഴുകിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ആത്മാനന്ദസ്വാമികള്‍ എന്നു പ്രസിദ്ധനായ കുമാരവേലുയോഗിയെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തില്‍ നിന്നും യോഗശാസ്ത്രത്തിലെ ഖേചരിവിദ്യയും മറ്റു രഹസ്യാനുഷ്ഠാനങ്ങളും അഭ്യസിച്ചു. 27 വയസ്സു പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ അദ്ദേഹം സര്‍വ്വജ്ഞനാണെന്നു തന്നെ പണ്ഡിതലോകം അംഗീകരിച്ചു.
അതിപുരാതനകാലംമുതല്‍ കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടേയും കേന്ദ്രങ്ങളായിരുന്നു. അതില്‍ സ്വാമിയേ ഏറ്റവുമധികം വേദനിപ്പിച്ചത് ജന്തുബലിയായിരുന്നു. ഇതില്‍ ദു:ഖിതനായി അദ്ദേഹം എഴുതിയ കൃതിയാണ് ജീവകാരുണ്യ നിരൂപണം. ജീവജാലങ്ങളെല്ലാം ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാവശ്യമാണെന്നു പറഞ്ഞ അദ്ദേഹം അവയെല്ലാം തന്നെ സൗഹൃദപൂര്‍ണ്ണമായ ഒരു വ്യവസ്ഥയില്‍ നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചു. സ്ഥിരവൈരികളെന്നു കരുതിപ്പോന്നിരുന്ന പാമ്പ് - തവള, കടുവ - പശു തുടങ്ങിയ ജന്തുക്കള്‍ അദ്ദേഹത്തിന്റെ സന്നിധിയില്‍ വൈരമെന്തെന്നറിയാതെ വിഹരിച്ചു.
പ്രകൃതിയില്‍ കണ്ടുവന്നിരുന്ന സകല ജീവജാലങ്ങളേയും സഹോദരഭാവേന കണക്കാക്കാനും അവയ്ക്കുനേരെയുള്ള അക്രമങ്ങളവസാനിപ്പിക്കാനും തന്റെ സമദര്‍ശിത്വംകൊണ്ടു അദ്ദേഹം നേതൃത്വം നല്കി. ഒരിക്കല്‍ ഒരു വണ്ടിക്കാരന്‍ കാളകളെ തല്ലുന്നതുകണ്ട് തന്റെ ദേഹത്ത് അടികൊണ്ടതുപോലെ വേദനകൊണ്ടു പുളയുകയും അടി നിര്‍ത്താന്‍ വണ്ടിക്കാരനോട് അപേക്ഷിക്കുകയും ചെയ്തു. അതുപോലെ വീട്ടിലും പരിസരത്തും നിന്ന് തൂത്തുകളയുന്ന ക്ഷുദ്രജീവികളായ ഉറുമ്പ്, ഈച്ച, പാറ്റ, ചിലന്തി മുതലായവയെ അദ്ദേഹം ആഹാരം നല്കി സംരക്ഷിക്കുകയും അവയെ ഉപദ്രവിക്കുന്നതില്‍നിന്നും മറ്റുള്ളവരെ വിലക്കുകയും ചെയ്തിരുന്നു. ഈ ജീവികളുടെ ഭാഷ അദ്ദേഹത്തിനു മനസ്സിലാവുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവറ്റകളൊക്കെ അനുസരിക്കുന്നതായും കണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ വിളി കേട്ടാലുടന്‍ ഉറുമ്പുകളൊക്കെ വന്ന് കാലില്‍ മുട്ടുവരെ പൊതിഞ്ഞിരിക്കുമായിരുന്നു. അരിയോ മറ്റോ ഇട്ടുകൊടുത്താല്‍ തിന്നുകൊള്ളാന്‍ പറഞ്ഞാല്‍ കാലില്‍ നിന്നിറങ്ങി തിന്നിട്ടുപോകുമായിരുന്നു.
അദ്ദേഹത്തിനു ജന്തുക്കളോടുള്ള സ്‌നേഹത്തെ പ്രതിപാദിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. അവയില്‍ ചിലത് ഇനി പരാമര്‍ശിക്കാം.
ഒരിക്കല്‍ മാവേലിക്കരയിലുള്ള കണ്ടിയൂര്‍ ക്ഷേത്രത്തിലേക്ക് അനുയായികളോടൊപ്പം അദ്ദേഹം പോവുകയായിരുന്നു. വഴിയില്‍ കുറെ വികൃതിക്കുട്ടികള്‍ ഒരു ചേരയെ എറിയുന്നത് കണ്ട അദ്ദേഹം അതില്‍നിന്നും കുട്ടികളെ പിന്തിരിപ്പിച്ചു. എന്നിട്ട് വളരെ സ്‌നേഹപൂര്‍വ്വം ചേരയെ വിളിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ കയ്യില്‍ നക്കുകയും പിന്നെ കൈത്തണ്ടയില്‍ ചുറ്റിക്കിടക്കുകയും ചെയ്തു. അതിനെ അടുത്തുകണ്ട ഒരു കയ്യാലപ്പൊത്തില്‍ കൊണ്ടുവച്ചിട്ട് സ്വാമികള്‍ കുട്ടികളുടെ അടുത്തെത്തി. എന്നിട്ടവരോടു പറഞ്ഞു. ജീവികളെ ഒരിക്കലും ഉപദ്രവിക്കരുത്. നിങ്ങളവയ്ക്ക് സ്‌നേഹം നല്കൂ. അവ നിങ്ങളേയും സ്‌നേഹിക്കും.
സ്‌നേഹവും ജീവകാരുണ്യപ്രവര്‍ത്തനവും ജീവിതവ്രതമാക്കിയ ഈ സ്‌നേഹമൂര്‍ത്തി പല ജീവജാലങ്ങളേയും ക്രൂരമൃഗങ്ങളേയും വിഷസര്‍പ്പങ്ങളേയും മറ്റും തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിപ്പിക്കുന്നതുകണ്ട പലരും അതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഒരുദിവസം മലയാറ്റൂരില്‍ പെരിയാറിന്റെ തീരത്തു ലാത്തുകയായിരുന്നു. സ്വാമികളും ശ്രീ കരിമ്പുവിളാകം ഗോവിന്ദപിള്ളയും. വലിയ ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഗോവിന്ദപിള്ള കണ്ടത് ഒരു തവള ആറ്റിലേക്കു ചാടുന്നതും അതിനു പിന്നാലെ ഒരു വലിയ സര്‍പ്പം ഫണമുയര്‍ത്തി കൊണ്ടു ചാടുന്നതുമാണ്. സ്വാമികള്‍ നിര്‍ഭയനായി അതിന്റെ അടുക്കല്‍ ചെന്നുപറഞ്ഞു. അതിനെ തൊടരുത്, മാറിപ്പോ എന്ന്. അദ്ദേഹത്തിന്റെ ആജ്ഞ ശിരസാവഹിച്ച് സര്‍പ്പം പത്തിയും താഴ്ത്തി തിരിച്ചുപോയി.
കോടനാടുവനത്തില്‍ പുതുവല്‍ എന്ന സ്ഥലത്ത് അദ്ദേഹത്തിനൊരു വസതിയുണ്ടായിരുന്നു. വല്ലപ്പോഴും അദ്ദേഹം അവിടെച്ചെന്നു താമസിക്കുമായിരുന്നു. എന്നും രാവിലെ അദ്ദേഹം നടക്കുവാന്‍ പോകുമായിരുന്നു. അന്നും പതിവുപോലെ നടക്കാന്‍ പോയി. സ്വാമികളെ കാണാന്‍ അതിനിടെ പറവൂരില്‍നിന്നും ഒരാള്‍ എത്തി. സമയമേറെയായിട്ടും സ്വാമികളെ കാണാതിരുന്ന അയാള്‍ അവിടുത്തെ പരിചാരകനായ പണക്കരേയും കൂട്ടി പുതുവല്‍ ഭാഗത്തേക്കു പോയി. കുറെ മുകളിലേക്ക് പോയ അവര്‍ താഴ്‌വരയിലൊരിടത്ത് ഒരു കടുവയ്ക്കഭിമുഖമായി സ്വാമികള്‍ നില്‍ക്കുന്നതു കണ്ടു. അദ്ദേഹം കടുവയോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞ് കടുവ തോട്ടത്തിലേക്കു കയറിപ്പോയി. ഇതുകണ്ട് വന്നവര്‍ വളരെ സംഭ്രാന്തരായി. പണിക്കര്‍ കരഞ്ഞുകൊണ്ടദ്ദേഹത്തോടു പറഞ്ഞു. അങ്ങേക്കു വല്ലതും പറ്റിയിരുന്നെങ്കില്‍ ആരുണ്ട് ഞങ്ങള്‍ക്കു പിന്നെ. സ്വാമികള്‍ അയാളെ സാന്ത്വനിപ്പിച്ചുകൊണ്ടുപറഞ്ഞു. ഭോഷാ ആ കടുവ എന്നെത്തിന്ന് വിശപ്പടക്കിയിരുന്നെങ്കില്‍ അതും എനിക്കു കൃതാര്‍ത്ഥത ഉളവാക്കിയേനെ. ഒരു സാധു പശുവിന്റെ ജീവന്‍ രക്ഷപ്പെട്ടില്ലേ? ആ കുന്നിന്‍ചരുവില്‍ പുല്ലുമേഞ്ഞുകൊണ്ടിരുന്ന ഒരു പറ്റും പശുക്കളുടെ അടുത്തേക്കായിരുന്നു ആ കടുവ വന്നത്. കടുവയുടെ വരവു മനസ്സിലാക്കിയ പശുക്കള്‍ വിരണ്ടോടി. അതില്‍ ഒന്നിനു മാത്രം രക്ഷപ്പെടാനായില്ല. അതിനെ രക്ഷിക്കാന്‍ വേണ്ടിയാണ് താനിങ്ങനെ ചെയ്തതെന്ന് വിശദീകരിച്ചു. ആ സാധു പശുവിനെ ഭക്ഷിക്കാതെ തന്റെ ശരീരം ഭക്ഷിച്ചുകൊള്ളൂ എന്നദ്ദേഹം കടുവയോടു പറഞ്ഞു. കടുവ കോപിഷ്ടനായിരുന്നെങ്കിലും ആ മഹര്‍ഷിയുടെ ഉപദേശം മാനിച്ച് ശാന്തനായി കാട്ടിലേക്കു മടങ്ങി.
ഒരിക്കല്‍ സ്വാമികള്‍ വൈക്കത്ത് തന്റെ ഭക്തരായ പതാഭി വൈദ്യന്‍, അകന്‍ വൈദ്യന്‍ തുടങ്ങിയവരുടെ പരിചരണങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവിടെയുള്ള പുറ്റനാന്‍ ഭവനത്തില്‍ താമസിക്കുകയായിരുന്നു. അവരുടെയടുത്ത വീട്ടില്‍ താമസിച്ചിരുന്നത് ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു. അദ്ദേഹത്തിന് ഒരു വലിയ ചെങ്കോട്ടപ്പട്ടി ഉണ്ടായിരുന്നു. അത് തുടലും പൊട്ടിച്ചോടി. അതിനെ ഒരു വിധത്തിലും ബന്ധിക്കുവാന്‍ നിവര്‍ത്തിയില്ലാതെ വന്നു. ഒടുവില്‍ അതിനെ വെടിവക്കുവാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ സ്വാമികള്‍ അവിടെയെത്തി. ഒരു നായയെക്കാള്‍ മനോബലം മനുഷ്യനില്ലാതെ വരുമോ എന്നദ്ദേഹം വിചാരിച്ചു. പട്ടിയുടെ സമീപത്തുനിന്നും ഏതാണ്ടു നൂറടി അകലത്തില്‍ ചെന്നെത്തി കൈനൊടിച്ചു. അതു കുരച്ചുകൊണ്ടു സ്വാമികളുടെ നേര്‍ക്കുചാടി. ആള്‍ക്കാര്‍ ഭയന്നു. പക്ഷേ സ്വാമികള്‍ അതിന്റെ ചെവിക്കു പിടിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടുകൂടി നടക്കുന്നതാണ് ആള്‍ക്കാര്‍ കണ്ടത്.
ഇനി വേറൊരു സംഭവം. ശ്രീ കുമ്പളത്തു ശങ്കുപിള്ളയുടെ മാതുലനായ പ്രാക്കുളം പത്മനാഭപിള്ള എന്നൊരാള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് സദാനന്ദാശ്രമ സ്ഥാപകനായിരുന്ന സദാനന്ദസ്വാമിയെ മാത്രമേ ബഹുമാനമുണ്ടായിരുന്നുള്ളൂ. ഏതു ഹിംസജന്തുക്കളും വിദ്യാധിരാജ സ്വാമികളുടെ മുമ്പില്‍ ശാന്തരാകുമെന്നു കേട്ട് അദ്ദേഹത്തെ ഒന്നു പരീക്ഷിക്കുന്നതിനായി സ്വന്തം ഭവനത്തിലേക്കു സ്വാമികളെ ക്ഷണിച്ചു. സ്വാമികള്‍ അവിടെയെത്തുന്നതിനുമുമ്പ് അവര്‍ രണ്ട് ബുള്‍ട്ടെറിയന്‍ പട്ടികളെ അഴിച്ചുവിട്ടിട്ട് പടിപ്പുര അടച്ചു. സ്വാമികള്‍ എത്തി പടിപ്പുരയില്‍ മുട്ടി. അവര്‍ പടിപ്പുര തുറന്നപ്പോള്‍ നായ രണ്ടും കുരച്ചുകൊണ്ടു ചാടി. അതിഥിയെ കണ്ട അവ ശാന്തരായി. സ്വാമികളുടെ കാലില്‍ അവ നക്കിത്തുടങ്ങി. എന്നിട്ടു സ്വാമിയുടെ ഇരുവശത്തുമായി ഇരിപ്പുറപ്പിച്ചു. സ്വാമികള്‍ പോകുന്നതുവരെ അവ സ്വാമിയെ വിട്ടുമാറിയിരുന്നില്ല.
സ്വാമികളുടെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് എഴുമറ്റൂരില്‍ സ്ഥാപിച്ച തീര്‍ത്ഥപാദാശ്രമത്തില്‍ അദ്ദേഹം കുറച്ചുനാള്‍ താമസിച്ചിരുന്നു. അന്ന് അവിടെയുണ്ടായിരുന്ന മുഴുവന്‍ വാഴക്കുലകളും മുറിച്ചെടുക്കുവാന്‍ അദ്ദേഹം അനുവദിച്ചിരുന്നില്ല. കുറെ അവിടെയുള്ള അണ്ണാറക്കണ്ണ•ാര്‍ക്കും കിളികള്‍ക്കും വേണ്ടി നിര്‍ത്തിയിരുന്നു.
ഒരിക്കല്‍ സ്വാമികള്‍ മാവേലിക്കരയില്‍ തന്റെ ഭക്തനായ ആണ്ടിപ്പിള്ള മജിസ്‌ട്രേട്ടിന്റെ ഗൃഹത്തിലെത്തി വിശ്രമിക്കുകയായിരുന്നു. അവിടെ കൃഷ്ണസ്വാമിക്ഷേത്രത്തില്‍ നടത്തിയ അപ്പം വഴിപാടിന്റെ പ്രസാദം കൊട്ടാരം മാനേജര്‍ അവിടെ എത്തിച്ചു. സ്വാമി അതവിടെ ഉണ്ടായിരുന്നവര്‍ക്കൊക്കെ വിതരണം നടത്തിയശേഷം രണ്ടുമൂന്നപ്പം എടുത്തു കഷണങ്ങളാക്കി വച്ചതിനുശേഷം കൂട്ടുകാരേ എന്നു വിളിച്ചു. ഉടന്‍തന്നെ തട്ടുംപുറത്തുനിന്നും കുറെ എലികള്‍ വന്ന് ആ അപ്പമെല്ലാം കടിച്ചെടുത്തു കൊണ്ടുപോയി.
അഴിമതിക്കാരനും ഉദ്ധതനുമായ ഒരു സര്‍ക്കാരുദ്യോഗസ്ഥന് സദാചാരഉപദേശം നല്‍കാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗം വളരെ രസാവഹമായിരുന്നു. ഈ ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ തന്റെ പിറന്നാള്‍ സദ്യഉണ്ണാന്‍ സ്വാമികളെ വിളിച്ചു. തന്നോടൊപ്പം തന്റെ കുറെ ശിഷ്യന്മാരുമുണ്ടാവും, അവര്‍ക്കും ഭക്ഷണം കരുതണമെന്നദ്ദേഹം ആവശ്യപ്പെട്ടു. സമയത്തിനവിടെ എത്തിയ അദ്ദേഹത്തെ സ്വീകരിച്ച ആതിഥേയന്‍ ശിഷ്യരെവിടെ എന്ന അന്വേഷണത്തിന് അവര്‍ പുറത്തിരിപ്പുണ്ട് സമയമാവുമ്പോള്‍ വരും എന്നു പറഞ്ഞു. ആഹാരം വിളമ്പിക്കഴിഞ്ഞ് എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വാമികളുടെ നിര്‍ദ്ദേശപ്രകാരം ഏതാണ്ട് അന്‍പതോളം പട്ടികള്‍ നിരനിരയായി വന്ന് ഇലകളുടെ മുന്നിലിരുന്നു. ആശ്ചര്യംപൂണ്ട ആതിഥേയനോടു സ്വാമികള്‍ പറഞ്ഞു - ഇവരെല്ലാം മുജ്ജന്മത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്മാരായിരുന്നു. കൈക്കൂലിയും അഴിമതിയും കാണിച്ച അവര്‍ ഈ ജന്മത്തില്‍ പട്ടികളായി ജനിച്ചതാണെന്നും മുജ്ജന്മ ഫലങ്ങളൊക്കെ ഈ ജന്മത്തിലാണ് അനുഭവിക്കേണ്ടിവരിക എന്നും പറഞ്ഞു. ഇതുപോലെ അദ്ദേഹം നടത്തിയ ഒന്നുരണ്ടു പട്ടി സദ്യകള്‍ പ്രസിദ്ധമാണ്.
ഒരു രാത്രിയില്‍ കല്ലുവീട്ടില്‍ ഡോക്ടര്‍ വേലപ്പന്‍പിള്ളയുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിനോടൊപ്പം അന്‍പതോളം പട്ടികളുമുണ്ടായിരുന്നു. ആരോ ഒരാള്‍ സ്വാമീ പുറത്തു കുറെ പട്ടികള്‍ എന്നു പറഞ്ഞു. അതിന് സ്വാമികള്‍, ഞാന്‍ വരുന്ന വഴി വിശന്നു നില്‍ക്കുകയായിരുന്നു അവ. വരിനെടാ ചോറുതരാം എന്നു പറഞ്ഞു വിളിച്ചുകൊണ്ടുവന്നതാണ് എന്നു പറഞ്ഞു. അവിടത്തെ ഗൃഹനായിക നാലഞ്ച് ഇല മുറിച്ചുകൊണ്ടുവന്ന് ചേര്‍ത്തുവച്ച് അതില്‍ കുറെയേറേ ചോറുവിളമ്പി കുറച്ചുപ്പും തളിച്ചു. ചൂടു കുറെ മാറിയപ്പോള്‍ സ്വാമികള്‍ പട്ടികളോടായി മിണ്ടാതെ വന്നു തിന്നേച്ചുപോകാന്‍ പറഞ്ഞു. ഇല മുഴുവനും നക്കിത്തോര്‍ത്തിയതിനുശേഷം അവയൊന്നും അനങ്ങിയില്ല. അവ സ്വാമികളുടെ അനുമതിക്കുവേണ്ടി കാത്തുനിന്നു. സ്വാമികള്‍ പറഞ്ഞു. ഇനി പൊയ്‌ക്കോ. പട്ടികള്‍ വാലും താഴ്ത്തിയിട്ട് കൃതജ്ഞതാനിര്‍ഭരരായി ഇറങ്ങിപ്പോയി. ഇതുപോലെ പല സംഭവങ്ങളും ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികള്‍ മാത്രമല്ല സകല ജീവികളോടും അദ്ദേഹം സ്‌നേഹമായിട്ടാണ് സഹവര്‍ത്തിച്ചത്. അതില്‍ ക്രൂരജന്തുക്കളും വിഷജന്തുക്കളും എല്ലാം ഉള്‍പ്പെടും.
അക്കാലത്ത് കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വസ്ഥിതികള്‍ ഇല്ലാതാക്കി സമത്വം നിലനിര്‍ത്താന്‍ ചട്ടമ്പിസ്വാമികള്‍ വളരെയധികം യത്‌നിച്ചിരുന്നു. ജാതിവ്യത്യാസവും ജാതിക്കുള്ളിലെ ജാതിവേര്‍തിരിവും കൊണ്ട് വികലമായിരുന്നു അന്നത്തെ വ്യവസ്ഥിതി. ഈ വ്യത്യാസങ്ങള്‍ക്കിടയിലും ജാതിയുടെ കല്‍മതിലുകള്‍ തകര്‍ത്തുകൊണ്ട് അദ്ദേഹം സഞ്ചരിക്കുകയും പല ഈഴവഭവനങ്ങളിലും താമസിക്കുകയും ചെയ്തിരുന്നു.
സമൂഹത്തിലെ പിന്നോക്കാവസ്ഥ ഇല്ലാതാക്കാന്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. തന്നെ സമീപിക്കുന്ന ജ്ഞാനകാംക്ഷികളോടെല്ലാം അദ്ദേഹം ഇതുപദേശിച്ചിരുന്നു. അവര്‍ക്കൊക്കെ അറിവുപകര്‍ന്ന് അവരെ വിജ്ഞാനികളാക്കിയിരുന്നു. അദ്ദേഹം ജാതിവിചാരത്തിനുമപ്പുറം മഹത്വമാണ് മാനിക്കപ്പെടുന്നതെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചിരുന്നു. ഇതു ബോദ്ധ്യമായ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍ അയിത്തം നിലനിന്നിരുന്ന അക്കാലത്തുതന്നെ ഒരിക്കല്‍ സ്വാമികളും ശ്രീനാരായണഗുരുവും കരുവാ കൃഷ്ണനാശാന്‍ മുതല്‍പ്പേരോടുകൂടി ഒരു പ്രസിദ്ധ സവര്‍ണ്ണകുടുംബത്തില്‍ ചെന്നുചേര്‍ന്നു. സംസ്‌കൃതചിത്തയായ ഗൃഹനായിക ബ്രഹ്‌മസമന്മാരായ അതിഥികളെ യഥായോഗ്യം സ്വീകരിച്ചു. സ്വാമികളും ശ്രീനാരായണഗുരുവും അടുത്തടുത്തിരുന്നു. മറ്റുള്ളവര്‍ അല്‍പം അകന്നു നിന്നതേയുള്ളു. പാല്‍, കല്‍ക്കണ്ടം, മുന്തിരി, പഴങ്ങള്‍ തുടങ്ങിയവ നിറച്ച താലങ്ങള്‍ അതിഥികളുടെ മുന്‍പില്‍ വച്ച് അവരെ സാഷ്ടാംഗം നമസ്‌കരിച്ചു. ശ്രീനാരായണനെ തൊട്ടു നമസ്‌കരിക്കുന്നതുകണ്ട സ്വാമികള്‍ ഇങ്ങനെ ചോദിച്ചു. ഹേയ്, നിങ്ങള്‍ അവനെ തൊട്ടോ, അവന്‍ ചോവനല്ലേ? അതിനാ മഹതി നല്കിയ മറുപടി വളരെ ഉചിതമായിരുന്നു. താങ്കള്‍ നായരുമല്ല, ഇദ്ദേഹം ഈഴവനുമല്ല. നിങ്ങള്‍ രണ്ടുപേരും ആരാണെന്ന് എനിക്കറിയാം. വ്യാപകമായി മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ചില ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അവരുടെ കപടപ്രചരണങ്ങളെ പൊളിച്ചുകാട്ടാനും യഥാര്‍ത്ഥ ക്രിസ്തുമതമെന്തെന്നു വിശദീകരിക്കാനും വേണ്ടി ക്രിസ്തുമതഛേദനം എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയിരുന്നു. അക്കാലത്ത് അജ്ഞരായ അവശവിഭാഗക്കാരെ ധാരാളമായി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഹൈന്ദവ ധര്‍മ്മങ്ങളേയും ആചാരങ്ങളേയും അവഹേളിക്കുന്ന രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തനം. താന്‍ ജനിച്ചുവളര്‍ന്ന സനാതനധര്‍മ്മത്തോടുള്ള കടമ നിമിത്തം അതിനൊരറുതി വരുത്തണമെന്നദ്ദേഹം കരുതിയിട്ടാണ് ഇങ്ങനെയൊരു കൃതി രചിച്ചത്.
ഈ ഗ്രന്ഥം രചിച്ചതിലൂടെ മതവിദ്വേഷം പ്രകടമാക്കുന്നില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി വളരെ ഉചിതമായിരുന്നു. എല്ലാത്തിന്റേയും നല്ലവശങ്ങള്‍ മനസ്സിലാക്കണമെന്നത് അവരുടെ ഒരു സിദ്ധാന്തമാണ്. ക്രിസ്തുമതദര്‍ശനമനുസരിച്ച് മാത്രമാണ് ഞാനത് രചിച്ചത്. പിന്നീടദ്ദേഹം ക്രിസ്തുമത നിരൂപണം എന്നൊരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിരുന്നു. ക്രിസ്തുമതതത്വങ്ങളുടെ സാരമായിരുന്നു ആ ഗ്രന്ഥം. ക്രിസ്തുമതത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം വെളിവാക്കുന്നതായിരുന്നു ആ ഗ്രന്ഥം.
കൊച്ചിയിലെ പോലീസ് സൂപ്രണ്ടായ ചന്തുലാല്‍ ആദ്ധ്യാത്മികചിന്തയുള്ളവനും സാത്വികനുമായ ഒരുദ്യോഗസ്ഥനായിരുന്നു. സ്വാമിതിരുവടികളുടെ ജ്ഞാനനിഷ്ഠയും ആര്‍ജ്ജവത്വവും കണ്ട ചന്തുലാല്‍ അദ്ദേഹത്തെ തന്റെ ഗുരുവായി വരിച്ച് സ്വഭവനത്തില്‍ കൊണ്ടുവന്നു താമസിപ്പിച്ചു.
ആയിടയ്ക്കാണ് ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രസിദ്ധശിഷ്യനായ ശ്രീ വിവേകാനന്ദസ്വാമികള്‍ തൃശ്ശൂര്‍വഴി എറണാകുളത്തെത്തിച്ചേര്‍ന്നത്. ചന്തുലാല്‍ പ്രഭാതസവാരിക്കിറങ്ങിയ ഒരുദിവസമാണ് വിവേകാനന്ദസ്വാമികളെ കണ്ടുമുട്ടിയത്. ശാന്തഗംഭീരനായ ഈ ബംഗാളിയുവ സന്യാസി അസാധാരണക്കാരനാണെന്നു മനസ്സിലാക്കിയ ചന്തുലാല്‍ അദ്ദേഹത്തെ ചട്ടമ്പിസ്വാമികളുടെ അടുത്തെത്തിച്ചു. പ്രഥമദര്‍ശനത്തില്‍തന്നെ വിവേകാനന്ദസ്വാമികള്‍ അസാധാരണമായ ഒരു തപോധനനാണെന്നു മനസ്സിലാക്കി. അവര്‍ നിലവിലുള്ള പല കാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. മറ്റുള്ളവര്‍ ഇംഗ്ലീഷിലാണ് സംസാരിച്ചതെങ്കിലും സ്വാമികള്‍ രണ്ടുംകൂടി സംസ്‌കൃതത്തിലാണ് സംഭാഷണം നടത്തിയത്. വിവേകാനന്ദസ്വാമികളുടെ പല സംശയങ്ങളും അദ്ദേഹം യഥാവിധി തീര്‍ത്തുകൊടുത്തു. വിവേകാനന്ദസ്വാമികള്‍ വളരെ ആഹ്ലാദചിത്തനായി. ദക്ഷിണേന്ത്യയില്‍ പല സന്യാസിമാരെയും കണ്ടുമുട്ടിയെങ്കിലും അവര്‍ക്കാര്‍ക്കും സാധിക്കാത്തതാണ് അങ്ങേക്കു കഴിഞ്ഞിരിക്കുന്നതെന്നദ്ദേഹം പറഞ്ഞു.
അദ്ദേഹം തന്റെ സിദ്ധികളെല്ലാം വിജ്ഞാനസമ്പാദനത്തിനുപയോഗിക്കണമെന്നു കരുതി. മന്ത്രതന്ത്രാദികളിലും മറ്റും അഗാധപാണ്ഡിത്യം നേടണമെന്ന ആഗ്രഹത്തോടുകൂടി അന്ന് വലിയ തറവാടുകളിലൂണ്ടായിരുന്ന പഴയ താളിയോലഗ്രന്ഥങ്ങള്‍ വായിച്ചു പഠിച്ചിരുന്നു. കൂപക്കരമഠം എന്ന പ്രാചീനതറവാടിന്റെ ഗ്രന്ഥപ്പുരയില്‍ മന്ത്രതന്ത്രാദികളെ സംബന്ധിച്ച അപൂര്‍വ്വഗ്രന്ഥങ്ങളുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം അവിടെ എത്തി അവയൊക്കെ വായിച്ചുനോക്കാന്‍ അനുവാദം ചോദിച്ചു. ചില നിബന്ധനകള്‍ക്കു വിധേയമായി ഉടമസ്ഥന്‍ സമ്മതിച്ചു. ഒറ്റപ്രാവശ്യം കൊണ്ടു നോക്കാവുന്നതൊക്കെ നോക്കിക്കൊള്ളുക. ഗ്രന്ഥങ്ങളൊന്നും പുറത്തുകൊണ്ടുപോകരുത്. ഇതായിരുന്നു നിബന്ധന. അദ്ദേഹം മൂന്നുരാവും മൂന്നുപകലും ഒറ്റ ഇരുപ്പിരുന്ന അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങളൊക്കെ വായിച്ചുപഠിച്ചു. എത്രവായിച്ചു എന്ന ഗൃഹനാഥന്റെ ചോദ്യത്തിന് അവിടെയുണ്ടായിരുന്ന ഗ്രന്ഥങ്ങള്‍ മുഴുവനും എന്നായിരുന്നു മറുപടി. വിശ്വാസം വരാത്ത ഗൃഹനാഥന്‍ ചില അപൂര്‍വ്വ തന്ത്രവിധികളെപ്പറ്റി ചോദിച്ചപ്പോള്‍ അതതു തന്ത്രവിധികള്‍ കൊണ്ടുതന്നെ മറുപടി പറയുകയുണ്ടായി. അത്ഭുതപരതന്ത്രനായ ഗൃഹനാഥന്‍ ഇതു വിദ്യാധിരാജനോ എന്നു സ്വയം ഉച്ചരിച്ചതായി പറയപ്പെടുന്നു.
പരദേശത്തുനിന്നും മടങ്ങിവന്ന ചട്ടമ്പി കുഞ്ഞന്‍പിള്ള തന്റെ ഗുരുവിനെ അന്വേഷിച്ചു നടന്നുതുടങ്ങി. അങ്ങനെയിരിക്കെ നാഗര്‍കോവിലിനടുത്ത് വടിവിശ്വരം എന്ന സ്ഥലത്തുവച്ച് അദ്ദേഹത്തിനു തന്റെ ഗുരുവിനെ കണ്ടെത്തുവാന്‍ സാധിച്ചു. അവിടെയൊരു വീട്ടില്‍ എച്ചിലിലകള്‍ കൂട്ടിയിട്ടിരുന്നിടത്ത് തെണ്ടിപ്പട്ടികളോടൊപ്പം ഇരുന്ന പ്രാകൃതനും അര്‍ദ്ധനഗ്നനുമായ ഒരു വൃദ്ധന്‍ ഉച്ചിഷ്ടം വടിച്ചെടുത്ത് ഭക്ഷിച്ചുകൊണ്ടിരുന്നു. പട്ടികള്‍ യാതൊരു ശല്യവും ചെയ്തിരുന്നില്ല. എങ്കിലും ചില വികൃതിപിള്ളേര്‍ കല്ലെറിഞ്ഞും മറ്റും വൃദ്ധനെ ശല്യംചെയ്തുകൊണ്ടിരുന്നു. കുഞ്ഞന്‍പിള്ള ഇതുകണ്ട് പിള്ളേരെ വിലക്കുകയും വൃദ്ധനെ തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ടു നില്ക്കുകയും ചെയ്തു. വളരെ അക്ഷോഭ്യനായിരുന്നു ഭക്ഷിച്ചുകൊണ്ടിരുന്ന വൃദ്ധന്‍ തന്നെ ആരോ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കിയ ഉടന്‍ എഴുന്നേറ്റ് നടന്നുതുടങ്ങി. കുഞ്ഞന്‍പിള്ളയും അദ്ദേഹത്തെ അനുഗമിച്ചു. തന്നെ ഒരാള്‍ അനുഗമിക്കുന്നു എന്നു മനസ്സിലാക്കിയ വൃദ്ധന്‍ തന്റെ വേഗം കൂട്ടി. കുഞ്ഞന്‍പിള്ള ഓടിത്തുടങ്ങി. ഒടുവില്‍ ഒരു കാട്ടിലെത്തി നിന്ന വൃദ്ധനെ പിന്നാലെയെത്തിയ കുഞ്ഞന്‍പിള്ള സാഷ്ടാംഗം നമസ്‌കരിച്ചു. ആ യുവാവില്‍ ആദ്ധ്യാത്മിക തേജസ്സിന്റെ ഉജ്വലപ്രഭാവം ദര്‍ശിച്ച ആ വൃദ്ധന്‍ യുവാവിനെ താങ്ങിയെടുത്ത് ആലിംഗനം ചെയ്തു. കരസ്പര്‍ശം കൊണ്ടുതന്നെ അദ്ദേഹം തന്നിലേക്ക് ഒരു അലൗകികശക്തി പ്രവഹിപ്പിച്ചതായി കുഞ്ഞന്‍പിള്ളക്കു തോന്നി. പരമനിഷ്ഠനായ ആ കാരുണ്യവാന്‍ പ്രണവമന്ത്രത്തിലൂടെ കുഞ്ഞന്‍പിള്ളക്ക് ജ്ഞാനോപദേശം നല്കി. ഗുരുകാരുണ്യംകൊണ്ട് മായാവിലാസിതമായ സംസാരബന്ധനങ്ങളില്‍നിന്ന് മുക്തനായ ആ യുവാവ് സിദ്ധപദവി പ്രാപിച്ചു. അന്നദ്ദേഹത്തിന് ഇരുപത്തിയെട്ടു വയസ്സായിരുന്നു.
ആ ദിവ്യതോജസ്വി ഒരു പുതിയ മനുഷ്യനായാണ് തിരുവനന്തപുരത്തെത്തിയത്. ആളുകള്‍ അദ്ദേഹത്തെ സ്വാമികള്‍ എന്നു വിളിച്ചുതുടങ്ങി. എന്നാല്‍ സാധാരണ സന്യാസിമാരുടെ വേഷമോ പെരുമാറ്റമോ ഒന്നുമായിരുന്നില്ല അദ്ദേഹത്തിന്. അദ്ദേഹം കേവലം സാധാരണക്കാരന്റെ വേഷവും ദിനചര്യകളുമാണ് സ്വീകരിച്ചിരുന്നത്.
കേരളത്തില്‍ മാത്രമല്ല ഭാരതത്തിലുടനീളം നിലനിന്നിരുന്ന അത്യന്തം ദുര്‍ഭഗമായിരുന്ന ഒരു ദുരാചാരമായിരുന്നു ജാതിയും ജാതിക്കുള്ളിലെ ജാതിയും, പിന്നെ തീണ്ടലും തൊടീലും ഒക്കെ. ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങള്‍ സ്വാമികള്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഈശ്വരസൃഷ്ടികളായ സഹജീവികളെയെല്ലാം ഒരുപോലെ സ്‌നേഹിച്ചിരുന്നു കുഞ്ഞന്‍പിള്ള. ജാതിയുടെ പേരിലുള്ള അര്‍ത്ഥശൂന്യതയെ സ്വജീവിതം കൊണ്ടുതന്നെ തെളിയിക്കാനൊരുങ്ങി അദ്ദേഹം. അന്നദ്ദേഹം ആ പരിസരങ്ങളിലുണ്ടായിരുന്ന ഈഴവരും മറ്റുമടങ്ങിയ ധാരാളം ചെറുപ്പക്കാരെ ഗുസ്തിയും മറ്റും പഠിപ്പിക്കുകയും അവരുടെയൊക്കെ വീടുകളില്‍നിന്നു അവര്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കുകയും മറ്റും ചെയ്തിരുന്നു. ഇതൊന്നും സവര്‍ണ്ണമേലാളന്‍മാര്‍ക്ക് ഇഷ്ടമായിരുന്നില്ല. പലരുടേയും എതിര്‍പ്പിനെ നേരിടേണ്ടിവന്നിരുന്നു അദ്ദേഹത്തിന്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഈ അഭിശപ്തനാടിനെ ജാതിചിന്തയുടെ കരാളഹസ്തങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ കുഞ്ഞന്‍പിള്ള ചട്ടമ്പി നടത്തിയ ആദ്യത്തെ കാല്‍വയ്പായിരുന്നു അത്.
നൂറ്റാണ്ടുകളായി ഹൈന്ദവജനതയെ നാശഗര്‍ത്തത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന ജാതിചിന്തയെ ഉന്‍മൂലനം ചെയ്യാന്‍ ഭാരതത്തിന്റെ പലഭാഗത്തും പരിശ്രമങ്ങള്‍ നടന്നുവന്നിരുന്നു. രാജാറാം മോഹന്‍ റായ്, ദയാനന്ദ സരസ്വതി മുതലായവര്‍ അവരില്‍ ചിലര്‍ മാത്രം. മഹാബ്രാഹ്‌മണനായ ശ്രീരാമകൃഷ്ണപരമഹംസര്‍ സ്വന്തം ആള്‍ക്കാരുടെ ജാതിചിന്ത ഇല്ലാതാക്കുന്നതിനുവേണ്ടി പറയന്റെ ഗൃഹം അടിച്ചുവാരുകയും തന്റെ നീണ്ട മുടികൊണ്ടു തന്നെ തുടച്ചു വൃത്തിയാക്കുകയും ചെയ്തിരുന്നു. മറ്റു പ്രദേശങ്ങളിലെ ഈ പ്രവര്‍ത്തനങ്ങളൊന്നും മനസ്സിലാക്കാതെ തന്നെ കേവലം കുമാരനായ കുഞ്ഞന്‍പിള്ള ഈ ദുരാചാരത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ ഈ നടപടിയെ അദ്ദേഹത്തിന്റെ കൂട്ടര്‍ അവഹേളിക്കുകയും ഭര്‍ത്സിക്കുകയുമാണ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഈ കാല്‍വയ്പ് വരാന്‍ പോകുന്ന സമൂലമാറ്റത്തിന്റെ സൂചനയാണെന്ന് ആ അല്‍പജ്ഞാനികള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം തന്റെ ഈഴവസുഹൃത്തുക്കളുടെ ഉന്നമനത്തില്‍ വളരെ താത്പര്യം ഉള്ളവനായിരുന്നു. വിജ്ഞാനം കൊണ്ടുമാത്രമേ ഉന്നമനം ഉണ്ടാകൂ എന്നു കരുതിയ അദ്ദേഹം അവരെ വിജ്ഞാനമുള്ളവരാക്കാന്‍ വളരെയധികം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈഴവസുഹൃത്തുക്കളില്‍ പ്രധാനി പില്‍ക്കാലത്ത് ആ സമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിനു കാരണഭൂതനായ ശ്രീനാരായണഗുരുവായിരുന്നു. വാത്സല്യപൂര്‍വ്വം നാണന്‍ എന്നു വിളിച്ചിരുന്ന ശ്രീനാരായണഗുരു കുറച്ചുകാലം അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു.
പ്രസിദ്ധരായ പല മഹാ•ാരും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചവരും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സ്വീകരിച്ചവരുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്നു നീലകണ്ഠതീര്‍ത്ഥപാദസ്വാമികള്‍, തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ എന്നിവര്‍.
ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച് സ്വസമുദായത്തിന്റെ അന്ധവിശ്വാസജടിലവും അധഃസ്ഥിതവുമായ ജീവിതം മാറ്റി പുരോഗതിയിലേക്കു നയിക്കുവാനാണ് തീര്‍ത്ഥപാദപരമഹംസ സ്വാമികള്‍ പ്രത്യേകം ശ്രദ്ധിച്ചുപോന്നത്. എഴുമറ്റൂര്‍, വാഴൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആശ്രമങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ആശ്രമസ്ഥാപനത്തിലൊന്നും ചട്ടമ്പിസ്വാമികള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല.
അസാധാരണനായ ഒരു ഗ്രന്ഥകര്‍ത്താവ് കൂടിയായിരുന്നു ശ്രീ വിദ്യാധിരാജാ സ്വാമികള്‍. പല ശിഷ്യന്മാരുടേയും അപേക്ഷപ്രകാരം പലയിടത്തുവെച്ചും അവിടവിടെക്കാണുന്ന പേപ്പറുകളിലും മറ്റും ധാരാളം എഴുതിക്കൂട്ടിയിരുന്നു. പക്ഷേ അതൊന്നും തന്നെ സംരക്ഷിക്കപ്പെട്ടിരുന്നില്ല. ഉള്ളവ തന്നെ വേണ്ടിവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ആരും തുനിഞ്ഞിട്ടില്ല എന്നുവേണം പറയാന്‍. അടുത്തകാലത്ത് വര്‍ക്കല ശ്രീനാരായണഗുരുകുലം പ്രസിദ്ധപ്പെടുത്തിയ നിജാനന്ദവിലാസം അദ്ദേഹത്തിന്റെ ഒരു മഹത്തരമായ കൃതിയാണ്.
ഷഷ്ഠിപൂര്‍ത്തിക്കുശേഷം സ്വാമികളുടെ ജീവിതം സന്തോഷഭരിതമായിരുന്നു. അദ്ദേഹം പ്രിയശിഷ്യന്മാരുടെ ഭവനങ്ങളില്‍ വിശ്രമിച്ചുകൊണ്ട് ധാരാളം തത്വോപദേശങ്ങളും വേദാന്തചര്‍ച്ചകളും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭക്തരും അനുയായികളും ഒക്കെ അദ്ദേഹത്തെ ക്ഷണിച്ച് വീടുകളില്‍കൊണ്ടുപോയി പൂജിക്കുകയും അദ്ദേഹത്തിന്റെ ഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രധാന ശിഷ്യനായിരുന്നു പില്‍ക്കാലത്ത് കേരളത്തിലെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ മിന്നിത്തിളങ്ങിയിരുന്ന ശ്രീ കുമ്പളത്തു ശങ്കുപിള്ള. ആയിടക്ക് നാനാദേശങ്ങളില്‍നിന്നും വളരെയധികം ആള്‍ക്കാര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
പന്‍മനയില്‍ അദ്ദേഹം സ്ഥിരമായി തങ്ങാറുണ്ടായിരുന്ന കാവുവിട്ട് അല്‍പം കിഴക്കുമാറി ഒരു കാവുണ്ടെന്നറിഞ്ഞ് ശങ്കുപിള്ളയേയും കൂട്ടി അവിടെയെത്തി. എന്നിട്ട് ശങ്കരപിള്ളയോടു പറഞ്ഞു. കാര്‍ണവരേ കിഴവന്‍ ചാകാനിങ്ങുവരും. അതിനുശേഷം അദ്ദേഹം തിരുവനന്തപുരത്തിനു പോയി. അവിടെച്ചെന്ന് അധികം കഴിയുന്നതിനുമുന്‍പ് അദ്ദേഹത്തിനതിസാരം തുടങ്ങി. എന്തുചെയ്തിട്ടും അതു കുറഞ്ഞില്ല. എന്നിട്ടും എന്തുവന്നാലും പന്‍മനയിലെത്തണം എന്നദ്ദേഹം പറഞ്ഞു. അവിടെയെത്തിയ അദ്ദേഹം സി.പി.പി.സ്മാരക വായനശാലയിലാണ് തങ്ങിയത്. അദ്ദേഹത്തെക്കാണാന്‍ ധാരാളം ആളുകള്‍ അവിടേക്കു പ്രവഹിച്ചു. ഉറുമ്പ്, അണ്ണാന്‍, ചേര, തവള തുടങ്ങയി ജീവികളെല്ലാം അദ്ദേഹത്തിന്റെ കട്ടിലിനടിയില്‍ സ്ഥാനം പിടിച്ചു. അങ്ങനെ 1089 മേടം 23-ാം തീയതി (1923) പകല്‍ നാലുമണിക്ക് അദ്ദേഹം പത്മാസനത്തിലിരുന്ന് സമാധിയായി.
a
Comments
Post a Comment